Saturday, May 9, 2009

പാരിപ്പള്ളി ലക്ഷ്മി തിയേറ്ററും അവളുടെ രാവുകളും ( ഭാഗം 1)



ഓര്‍മ ശരിയാണെങ്കില്‍ ഞാന്‍ ഒന്നാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും എസ്.വി. തീയേറ്റര്‍ തീ കത്തി തീര്‍ന്നിരുന്നു. പിന്നെ കുറെ നാള്‍ കഴിഞ്ഞു നാട്ടില്‍ ഒരു സിനിമാക്കൊട്ടക വരാന്‍. ഇന്നത്തെപ്പോലെയല്ല. സിനിമ (Cinema) അന്ന്, 1970 കളില്‍, ഗ്രാമവാസികളുടെ വൈകുന്നേരത്തെ ഒഴിവാക്കാനാവാത്ത വിനോദമായിരുന്നു.
നാട് ഒന്നടങ്കം പ്രാര്‍ത്ഥിക്കുകയായിരുന്നു.
അത് കേട്ടാകണം കൊല്ലത്തു (Kollam) നിന്ന് പൊയിലക്കടമുതലാളിയെത്തി, പാരിപ്പള്ളി (Parippally) യില്‍ ഒരു കൊട്ടക പണിയാന്‍. ഞങ്ങളുടെ (പാരിപ്പള്ളി ഗവ. എല്‍.പി.) സ്കൂളിലേക്കു തിരിയുന്നതിന്‍റെ നേരെ എതിര്‍വശത്താണ് തിയേറ്ററിന്റെ പണി നടക്കുന്നത്. ഒരു മാന്ത്രിക കൊട്ടാരത്തിന്റെ നിര്‍മാണം അടുത്തുകാണുന്നതു പോലെ ഞാന്‍ അഭിമാനപ്പെട്ടു. അസാധാരണമായി ഒന്നും പണിസ്ഥലത്തു കണ്ടില്ല. അറിയാനുള്ള കൊതിവച്ചു പലരോടും ചോദിച്ചു. കേട്ടറിഞ്ഞവയില്‍ മനസ്സിലായതും മനസ്സിന് പിടിച്ചതും ഇതൊക്കെ ആണ്. കൊട്ടക പണിഞ്ഞിട്ട്‌ അതില്‍ ഇരുളുകൊണ്ട് നിറയ്ക്കും. എന്നിട്ട് വെള്ളിവെളിച്ചം സ്ക്രീനില്‍ പതിപ്പിക്കുമ്പോള്‍ താരങ്ങള്‍ തീയറ്ററിന്റെ പുറകില്‍നിന്നു ഇറങ്ങിവരും. രായപ്പണ്ണനാണ് അത് പറഞ്ഞുതന്നത്. അണ്ണന്‍ അങ്ങനെ കണ്ടിട്ടുണ്ടത്രേ, നസീറിനെ. ജയഭാരതിയെ. ഷീലയെ. അങ്ങനെ പലരെയും. ആഘോഷത്തോടെയായിരുന്നു ഉദ്ഘാടനം. എഴുവയസ്സുകാരന് അതൊന്നും കാണാനുള്ള അനുവാദമില്ലായിരുന്നു. ആദ്യ ദിവസം പുരാണചിത്രം. അടുത്തദിവസം മുതല്‍ കുടുംബചിത്രം. അതാണ്‌ അതിന്റെയൊരു കണക്ക്. പടങ്ങളുടെ പേര് മറന്നു പോയി. കുറെ ദിവസം കഴിഞ്ഞാണ്‌ സിനിമ കാണാന്‍ അവസരം കിട്ടിയത്. ചന്ദ്രികചേച്ചിയോടോപ്പമാണ് പോയത്. പുറകുവശത്താണല്ലോ മൂത്രപ്പുര. പെടുക്കാന്‍ തോന്നിയില്ലെങ്കിലും ഇടവേളയായപ്പോള്‍ ഞാന്‍ നിര്‍ബന്ധം പിടിച്ചു. പോയിട്ട് അതുവഴി എത്തി നോക്കണം. അതാണ്‌ മോഹം. എത്രനോക്കിയിട്ടും ആരെയും കണ്ടില്ല. പിന്നീട് രായപ്പണ്ണനോടു പറഞ്ഞപ്പോഴാണ് ഞാന്‍ പോയ വഴിയും സമയവും ശരിയല്ലെന്ന് മനസ്സിലായത്. ഒന്നാമത് ചേച്ചി എന്നെ കൊണ്ടുപോയത് പെണ്ണുങ്ങളുടെ മൂത്രപ്പുരയിലാണ്. ആ വശത്ത് താരങ്ങള്‍ വരാറില്ല. അത് ശരിയല്ലത്രേ. പിന്നെയുള്ളത് നേരമാണ്. സിനിമ നിന്നു നില്‍ക്കുന്ന ഇടവേളകളില്‍ അവര്‍ പുറത്ത്‌ ഇറങ്ങാറേ ഇല്ല! സിനിമ നടക്കുന്ന സമയത്ത് പോയി നോക്കണം.
അത് മനസ്സില്‍ ഉറപ്പിച്ചാണ് പലപ്പോഴും പിന്നെ സിനിമയ്ക്ക് പോയിട്ടുള്ളത്. പക്ഷെ, എന്തിനു പറയുന്നു, സിനിമ തുടങ്ങിയാല്‍ ഇടയ്ക്ക് മൂത്രമൊഴിക്കണമെന്ന് പറയാന്‍ എല്ലായ്പോഴും ഞാന്‍ മറന്നു കൊണ്ടിരുന്നു. ഓര്‍ക്കാന്‍ തുടങ്ങിയപ്പോഴെക്ക് താരങ്ങളെക്കാള്‍ വലുതായി എനിക്ക് സിനിമ എന്ന ഇന്ദ്രജാലം. 1978 ലാണ് അവളുടെ രാവുകള്‍ വരുന്നത്. ഞാനപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു. 1978 മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഉടച്ചുവാര്‍ക്കലുകളുടെ കാലമാണ്, രൂപത്തിലും ഭാവത്തിലും. കറുപ്പിലും വെളുപ്പിലും കാഴ്ച്ചപ്പെട്ടുകൊണ്ടിരുന്ന സിനിമ നിറങ്ങളുടെ ധാരാളിത്തത്തിലേക്കു മലയാളിയെ കൈപിടിച്ചു കൊണ്ടുപോയത് ഈ കാലയളവിലാണ്‌. എഴുപതുകളുടെ ആദ്യ പകുതിയില്‍ ആരംഭിച്ച നിറം പിടിപ്പിക്കല്‍ 78 ആയപ്പോള്‍ എതാണ്ടു പൂര്‍ണമായി. പക്ഷെ, കൈവിട്ടുപോകുന്ന പ്രണയിനിയെ എന്നപോലെ ഒരുപാടുപേര്‍ അപ്പോഴും ബ്ലാക്ക്‌& വൈറ്റിനെ വല്ലാതെ മോഹിക്കുന്നുണ്ടായിരുന്നു. അവരുടെ മോഹങ്ങളെ ഊതിക്കെടുത്തി അന്ന് ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന നിറമില്ലാത്ത നിരവധി ചിത്രങ്ങള്‍ വെള്ളിത്തിരയെ ഒരിക്കലെങ്കിലും ഉമ്മ വെയ്ക്കുവാന്‍ കൊതിച്ച് ഫിലിംപെട്ടികളില്‍ കാത്തുകിടന്നു. 30 വര്‍ഷങ്ങള്‍ക്കു ശേഷവും അവയിലെ അവശേഷിക്കുന്ന ഫിലിംതുണ്ടുകള്‍ ഇതൊക്കെ സ്വപ്നം കാണുന്നുണ്ടാകണം. നിറച്ചാര്‍ത്തുകളുടെ ഈ പ്രളയകാലത്താണ് സിനിമാസ്കോപ്പിന്റെ വിശാലതയെക്കുറിച്ചും നമ്മുടെ സിനിമാ ചിന്തിച്ചു തുടങ്ങിയത്. 1978 ലാണ് മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് (Cinema Scope) ചിത്രമായ തച്ചോളി അമ്പു (Thacholi Ambu) പുറത്തിറങ്ങുന്നത്. സാങ്കേതികരംഗങ്ങളില്‍ എതാണ്ടു പൂര്‍ണമായിത്തന്നെ ഒരു മുന്നേറ്റം ഈ സമയത്തുണ്ടായി. രൂപപരമായ ഈ പരിണാമത്തോടോപ്പമാണ് മലയാളസിനിമ ഭാവുകത്വപരമായും വഴിമാറാന്‍ തുടങ്ങിയത്.1972 ല്‍ സ്വയംവര (Swayamvaram) (അടൂര്‍ ഗോപാലകൃഷ്ണന്‍) വും 73 ല്‍ നിര്‍മാല്യ (Nirmalyam) (എം.ടി.വാസുദേവന്‍‌ നായര്‍) വും ഒറ്റയൊറ്റ പൂക്കളായി തലനീട്ടിയെങ്കില്‍ 78 വരെയുള്ള 5 വര്‍ഷംകൊണ്ട് നല്ല സിനിമയുടെ സമൃദ്ധമായൊരു വസന്തം തന്നെ നമുക്കുമുന്‍പില്‍ പൂത്തുലഞ്ഞു. ഉത്തരായനം (ജി.അരവിന്ദന്‍ ), പ്രയാണം (ഭരതന്‍), ഉത്സവം (ഐ.വി.ശശി), സ്വപ്നാടനം (കെ.ജി.ജോര്‍ജ്ജ്), കബനീനദി ചുവന്നപ്പോള്‍ (പി.എ.ബക്കര്‍), പെരുവഴിയമ്പലം (പദ്മരാജന്‍), അശ്വത്ഥാമാവ് (കെ.ആര്‍.മോഹനന്‍), ചെരിയാച്ച്ചന്റെ ക്രൂരകൃത്യങ്ങള്‍ (ജോണ്‍ എബ്രഹാം), യാരോ ഒരാള്‍ (പവിത്രന്‍) എന്നിങ്ങനെ ആ കാലയളവില്‍ കലാസിനിമയിലേക്കും മദ്ധ്യവര്‍ത്തിസിനിമയിലേക്കും കടന്നുവന്ന നവാഗത പ്രതിഭകളുടെ മികച്ച സൃഷ്ടികളുടെ എണ്ണം നിരവധിയാണ്. പട്ടണത്തിലെ തീയേറ്ററുകളില്‍ മാസങ്ങളോളം ഓടി ഫിലിമിന്റെ കെട്ടുപൊട്ടി തുടങ്ങുമ്പോഴാണല്ലോ അക്കാലത്ത് സിനിമാ നമ്മുടെ നാട്ടില്‍ എത്തിയിരുന്നത്. വൈഡ് റിലീസും UFO യും കടന്നുവന്നിട്ടില്ലാത്ത അന്ന് പാരിപ്പള്ളിയില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നത് ചിന്തിയ്ക്കാന്‍ പോലും കഴിയുമായിരുന്നില്ല. പട്ടണങ്ങളിലെ ജനത്തിരക്കേറിയ അമ്പതും നൂറും ദിവസങ്ങളെ പിന്നിട്ടാണ് ഹിറ്റ്‌ ചിത്രങ്ങളുടെ പ്രിന്‍റുകള്‍ ഗ്രാമത്തിലേക്കു വരിക. ഇപ്പോഴും ഓര്‍മയുണ്ട്. അവളുടെ രാവുകള്‍ (Avalude Ravukal) ആഘോഷത്തോടെയാണ് ലക്ഷ്മി തിയേറ്ററിലെത്തിയത്. ചെണ്ടമേളത്തോടെയായിരുന്നു നോട്ടീസ് വിതരണം.
അന്ന് ഞങ്ങളുടെ പ്രാധാന ഹോബിയായിരുന്നു നോട്ടീസ് ശേഖരണം. അതില്‍ മുമ്പന്‍ തമ്പിയായിരുന്നു. എന്നേക്കാള്‍ രണ്ടു ക്ലാസ്സിനു മുമ്പിലാണ് അദ്ദേഹം. (ഒന്നാം ക്ലാസ്സിലേക്കുള്ള വഴിയില്‍ എന്നെ നയിച്ചിരുന്നത്‌ തമ്പിയും പ്രസ്സന്ന ചേച്ചിയുമാണ്. അവര്‍ക്കൊപ്പമാണ്‌ ഞാന്‍ സ്കൂളില്‍ പോയിരുന്നത്.) രണ്ടു കിട്ടുന്ന നോട്ടീസുകളില്‍ ഒന്നെനിക്കുതന്ന തമ്പിയുടെ കാരുണ്യത്തില്‍ നിന്നാണ് എന്റെ നോട്ടീസുശേഖരണം ആരംഭിക്കുന്നത്. തമ്പി തന്ന ആദ്യത്തെ നോട്ടീസുകൂട്ടം സിനിമ എന്ന വികാര പ്രപഞ്ചത്തിലേക്കു എനിക്കു ലഭിച്ച വണ്‍വേടിക്കറ്റ് കൂടിയായിരുന്നു. തമ്പിക്ക് അവളുടെ രാവുകളുടെ നോട്ടീസ് കിട്ടിയില്ല. ഇതിനകം നോട്ടീസുകളുടെ വലിയൊരു സമ്പാദ്യം മുഴുവന്‍ ദാനമായിത്തന്ന് എന്നെ കുബേരനാക്കിയ രായപ്പണ്ണനും അവളുടെ രാവുകളുടെ നോട്ടീസ് എനിക്കു നിഷേധിച്ചു. ആ സിനിമ കുട്ടികള്‍ കണ്ടുകൂടാന്‍ പാടില്ലെന്ന് തമ്പി പറഞ്ഞു. പലരും അതാവര്‍ത്തിച്ചു.ഈ സിനിമ പ്രായപൂര്‍ത്തിയായവര്‍ മാത്രമേ കാണാന്‍ പാടുള്ളൂ. അതെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായില്ല. സ്കൂളിലേക്ക് പോകുന്ന വഴിയില്‍ അവളുടെ രാവുകളുടെ പോസ്റര്‍ കാണാം. ഏണി ചാരിവച്ചപോലെ ഒരു A എല്ലാറ്റിലുമുണ്ടായിരുന്നു. അതിനുള്ളില്‍ സീമ ഉടുപ്പിടാതെ തിരിഞ്ഞിരുന്നു. സിനിമാക്കൊട്ടകയില്‍ ഉത്സവത്തിരക്കായിരുന്നു. സീമ മുന്നോട്ടുതിരിയുന്ന ബാക്കിഭാഗം കാണാനാണ് ഭൂരിഭാഗം പേരും സിനിമ കാണാന്‍ കയറിയത്. നാട്ടിലെ യുവാക്കളുടെ സംവാദവേദികളില്‍ ഒരു എട്ടു വയസ്സുകാരന്‍ അന്ന് ആകാംക്ഷാപൂര്‍വ്വം നുഴഞ്ഞുകയറി മനസ്സിലാക്കിയ രഹസ്യമാണിത്. സിനിമ കണ്ടവര്‍ കാണാത്തവരോട് പൊടിപ്പും തൊങ്ങലും വച്ചാണ് രംഗങ്ങള്‍ വിവരിച്ചത്. കേള്‍വിക്കാര്‍ പറങ്കിമാവിന്‍ കൊമ്പുകളില്‍ ഇറുകെ പിടിക്കുന്നതും ചിരിച്ചുമറിയുന്നതും ഞാന്‍ കണ്ടു. മനസ്സില്‍ അന്നേ ഒടുങ്ങാത്ത കൌതുകമായി ചേക്കേറിയ അവളുടെ രാവുകള്‍ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈയുള്ളവനു കാണാന്‍ അവസരം കിട്ടിയത്. അതിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.... ........തുടരും

2 comments:

  1. ഒരു സിനിമപോലെതന്നെ ഈ കാലഘട്ടം എന്റെ മനസ്സിലൂടെ കടന്നുപോകുകയാണ്. പല കാര്യങ്ങളിലെയും സുക്ഷ്മമായ വിലയുരുത്തലുകള് രസകരമായി അനുഭവപ്പെട്ടു.

    ആശംസകളോടെ

    ശ്രീലാല്

    ReplyDelete
  2. Jayasree,
    Lekshmi theateril 60 paisa tcketil screeninte munnil benchilirunnu cenima kanda kaalam orma varunnu.....abhinandhanagal.

    Sasi.S.Kulamada

    ReplyDelete